Friday, March 27, 2009

എന്‍ ആത്മാവിന്‍ സുഗന്ധം

ഉരുകും മനസ്സുമായ് അലഞ്ഞ നാളില്‍
മരുവും ഹൃദന്ദമായ് ജീവിതപ്പാത തിരഞ്ഞ നാളില്‍
ഒരു ഗാഢനിദ്രയിലേക്ക് വഴുതിയ നേരം
ഒരു നേര്‍ത്ത നിശ്വാസമെന്‍ കാതില്‍ വീണു
മിഴികള്‍ തുറന്നു ഞാന്‍ നോക്കിയ നേരം നിന്‍
മൃദു മന്ദഹാസമെന്‍ ജീവനെ തൊട്ടുണര്‍ത്തി
തിളങ്ങീ നിന്‍ മിഴിപ്പൂക്കള്‍ ഉഷസ്സില്‍ പൊന്‍-
കിരണമേറ്റ ഹിമകണം പോല്‍
വിടര്‍ന്നോരാ കണ്‍കളില്‍ കണ്ടു ഞാന്‍
പകലിനെ കണ്ടോരായിരം ആമ്പല്‍പൂക്കള്‍
ഒരു തുള്ളി പ്രണയത്താല്‍ നീ പൊഴിഞ്ഞ
മഴയിലെന്‍ ആത്മാവ് കുതിര്‍ന്നു പോയി
അന്ന് വിടര്‍ന്നുവെന്‍ ആത്മാവില്‍ മുല്ലകള്‍
ഒരു മരുഭൂവില്‍ പൂക്കാലം പോല്‍
എവിടെ മറഞ്ഞു പോയ് നീ, എങ്ങു പറന്നു പോയ്
പിന്നെയും ശൂന്യമായ് എന്‍ ഹൃദയം
ഒരു മിഥ്യയായ് നീ , ഒരു സ്വപ്നമായ് നീ
എന്നുമെന്‍ ഹൃദയത്തില്‍ നിറഞ്ഞു നില്‍പ്പൂ
എന്‍ ഹൃദയത്തിന്‍ നോവില്‍ നിന്നുതിര്‍ന്നിടുന്നീ
ഈരടി കവിതകള്‍ക്കെല്ലാം നിന്‍ സുഗന്ധം

Wednesday, March 25, 2009

കാത്തിരിപ്പൂ നിനക്കായ്‌

േനലിലെ കുളിര്‍ മാരി പോലെ
ശിശിരത്തിലെ ഇളവെയില്‍ പോലെ
നിശബ്ദതയില്‍ പൊഴിഞ്ഞു വീണ സംഗീതമേ
എന്‍ ഹൃദയ കവാടം തുറക്കുകില്ലേ
ഹൃദയാര്‍ദ്രതയില്‍ അലിയുകില്ലേ

കവിതകള്‍ വിരിയിക്കും വസന്തം നീയേ
സംഗീതം പരത്തും തെന്നല്‍ നീയേ
കാറ്റായ് വസന്തമായ്‌ നല്കുളിര്‍ മാരിയായ്
എന്നിലലിയുവാന്‍ അണയുകില്ലേ

എന്‍ ഹൃദയതന്ത്രി നീ മീട്ടുകില്ലേ
എന്‍ പ്രിയരാഗം നീ പാടുകില്ലേ
എന്‍ രാഗം,എന്‍ ദാഹം, എന്‍ സ്വാന്തനം നീ
ഇനിയും വന്നണയാന്‍ മടിച്ചിടല്ലേ

Tuesday, March 17, 2009

വ്യഥ


എരിയുന്നു എന്‍ മനമൊരഗ്നി നാളമായ്
പടരുന്നിതെന്‍ ചിന്തയില്‍ കാട്ടുതീ പോലെ
പറയേണ്ടിതാരോടെന്‍ നിത്യ ദു:ഖം
അറിയില്ലെനിക്കെന്റെ നിഴലിനെപോലും

കണ്ണീരൊപ്പുവാന്‍ കാലമേ നീ തന്നോരെന്‍ തുണ
വറ്റാത്ത കവിളുമായ്, ചിറകറ്റ ദേഹമായ്
വീണു കിടപ്പൂ അരികിലെന്‍ ജീവന്റെ ദു:ഖമായി
ചൊല്ലേണ്ടതെന്നുടെ ജീവിത സഖിയോടോ?

സര്‍വ്വ നിഷേദിയാം എന്നുടെ മകനോടോ?
കാലമേ, നിന്നെ സാക്ഷി നിര്‍ത്തി എന്‍ മേല്‍
കരി തേച്ച എന്‍ പ്രിയ മകളോടോ?
ചൊല്ലേണ്ടതെന്‍ വ്യഥ നിന്നോട് തന്നെയോ?

Tuesday, March 10, 2009

ഇനിയും എത്ര നാള്‍

ഏകാന്ത പതികയായ് പോകുവതെങ്ങു നീ
ഉരുകും മനസുമായ് തേടുവതെന്തു നീ
എല്ലാം അന്യമായ് തോന്നുവതെന്തേ
നേടിയതെല്ലാം നിരര്‍ത്ഥമായ് തീര്‍ന്നുവോ ?
നീ നിന്റെ പ്രതിബിംബം തേടുകയാണോ ?
ഇനിയും അറിയാതെ തിരയുകയാണോ ?
തേടുന്നതെല്ലാം നീ അറിയുന്നതെന്ന് ?
കാലത്തെ വെല്ലുവാന്‍ കഴിയുന്നതെന്ന് ?
കാലം തന്‍ വേഗത്തില്‍ കാലുകള്‍ നീക്കുന്നു
അതിനേറെ വേഗത്തില്‍ എന്‍ മനസും പായുന്നു
കാഠിന്യമേറുന്ന ഹൃദയത്തിനൊപ്പം
കരയാതെ കരയുന്ന ഈ കാലത്തിനൊപ്പം
ഒരു തുള്ളി സ്നേഹത്തിന്‍ മരുപ്പച്ച തേടി നീ
ഒരു മരുഭൂമി മുഴുവനായ് അലയുന്നതെന്തേ ?